തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമാവാം: നേടാം നിരവധി ആനുകൂല്യങ്ങൾ

 

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ആനുകൂല്യങ്ങളും അവ എങ്ങനെ നേടിയെടുക്കാം എന്നുള്ള കാര്യങ്ങളുമാണ് ഇന്നത്തെ ബ്ലോഗ് കുറിപ്പിലൂടെ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നത്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ എങ്ങനെ അംഗമാകാം? എങ്ങനെ രജിസ്റ്റർ ചെയ്യണം? ക്ഷേമനിധി ബോർഡ് പെന്ഷന് എങ്ങനെ അപേക്ഷിക്കാം? മറ്റ് ആനുകൂല്യങ്ങൾ എന്തെല്ലാം ലഭിക്കും? ആനുകൂല്യങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം? എന്തൊക്കെയാണ്  നമുക്ക് ലഭിക്കുന്ന നേട്ടങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും വളരെ ചുരുങ്ങിയ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കാം.

1. അംഗത്വ രജിസ്ട്രേഷൻ

 കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതുതായി രജിസ്റ്റർ ചെയ്യുന്നതിന് www.tailorwelfare.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. "അംഗത്വ രജിസ്ട്രേഷൻ" എന്നത് സെലക്ട് ചെയ്യുക. സ്റ്റാർ ഇട്ട കോളങ്ങൾ നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്. ആവശ്യമായ വിവരങ്ങളും സർട്ടിഫിക്കറ്റുകളും നൽകിയശേഷം സേവ് ബട്ടൺ ക്ലിക്ക് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. നിങ്ങൾ സബ്മിറ്റ് ചെയ്ത അപേക്ഷ സ്വീകരിക്കണോ/ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അപേക്ഷിച്ച് ജില്ലയിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആയിരിക്കും. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ  അപേക്ഷ അപ്പ്രൂവ് ചെയ്താൽ 10 അക്കമുള്ള രജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നു. ഇങ്ങനെ രജിസ്ട്രേഷൻ നമ്പർ ലഭിച്ചാൽ മാത്രമേ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉള്ള അംഗങ്ങൾക്ക് വേണ്ടിയുള്ള  പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ.

2. പ്രസവാനുകൂല്യം

• കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെയും അംഗത്വത്തിന്റെ ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, പാസ്ബുക്ക്  എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേണ്ടിവരും
• പ്രസവാനുകൂല്യമായി 2000 രൂപ രണ്ടുതവണ ലഭിക്കുന്നതാണ്
• ഇതിനുവേണ്ടി കുട്ടി ജനിച്ച് മൂന്ന് മാസത്തിനുള്ളിൽ അപേക്ഷകൾ നൽകണം
• അംഗത്തിന് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഒരു വർഷത്തെ സർവീസ് നിർബന്ധമാണ്
• ഈ ആനുകൂല്യത്തിന് അപേക്ഷിക്കുന്നതിന് www.tailorwelfare.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. "ആനുകൂല്യത്തിനുള്ള അപേക്ഷ" എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ശേഷം തുറന്നുവരുന്ന വിൻഡോയിൽ "സ്കീം" എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ശേഷം പ്രസവാനുകൂല്യത്തിനുള്ള അപേക്ഷ എന്നുള്ളത് സെലക്ട് ചെയ്യുക. നിങ്ങളുടെ അപേക്ഷ അപ്പ്രൂവ് ചെയ്തപ്പോൾ കിട്ടിയ പത്തക്ക അംഗത്വ നമ്പർ, ജനനത്തീയതി എന്നിവ ടൈപ്പ് ചെയ്യുക. ശേഷം തുറന്നുവരുന്ന അപേക്ഷ ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകിയശേഷം സബ്മിറ്റ് ചെയ്യുക.

3. വിവാഹ ആനുകൂല്യം

• വിവാഹ ആനുകൂല്യമായി 2000 രൂപ 2തവണ ലഭിക്കുന്നതാണ്
• പുരുഷന്മാരായ അംഗങ്ങൾക്ക് 1000 രൂപ ലഭിക്കുന്നതാണ്
• വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം
• അംഗത്തിന് 3 വർഷത്തെ സർവീസ് ഉണ്ടായിരിക്കേണ്ടതാണ്
• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ രജിസ്ട്രേഷൻ വകുപ്പിൽ നിന്നോ ലഭിക്കുന്ന വിവാഹ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉണ്ടായിരിക്കേണ്ടതാണ്
• അപേക്ഷിക്കുന്നതിന് ആനുകൂല്യങ്ങൾ എന്ന ഭാഗം സെലക്ട് ചെയ്ത് വിവാഹ ധനസഹായത്തിനുള്ള അപേക്ഷ എന്നുള്ളത് തെരഞ്ഞെടുക്കുക. സ്റ്റാർ ഇട്ട കോളങ്ങൾ നിർബന്ധമായും പൂരിപ്പിക്കുക. വിവരങ്ങൾ നൽകിയ ശേഷം അപ്ലൈ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ അപേക്ഷകന് അപേക്ഷയുടെ നമ്പറും പ്രിന്റ് ഔട്ടും ലഭിക്കുന്നു.
• അപേക്ഷ അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അപ്പ്രൂവ് ചെയ്താൽ സ്റ്റാറ്റസ് അപ്രൂവ്ഡ് എന്നും അല്ലെങ്കിൽ റിജെക്റ്റഡ് എന്നും കാണിക്കും അതിന്റെ കാരണവും ഉണ്ടായിരിക്കുന്നതാണ്. നിരസിച്ച അപേക്ഷകൾ വീണ്ടും റീ സബ്മിറ്റ് ചെയ്യാവുന്നതാണ്.

4. ചികിത്സാ ധനസഹായം

• ഒരു വ്യക്തിക്ക് പരമാവധി 5000 രൂപ ഒരു പ്രാവശ്യം
• മാരകമല്ലാത്ത അസുഖങ്ങളുടെ ചികിത്സയ്ക്ക് 1000 രൂപ വരെ
• അംഗത്തിന് 3 വർഷം സർവീസ് നിർബന്ധമാണ്
• ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
• വൃക്ക, ഹൃദയം എന്നിവ സംബന്ധിച്ച രോഗങ്ങൾ, ക്യാൻസർ, ബ്രെയിൻ ട്യൂമർ, തളർവാതം എന്നിവയെ തുടർന്നുള്ള ചികിത്സ, ശാസ്ത്രക്രിയ എന്നിവർക്കാണ് 5000 രൂപ വരെ ധനസഹായം അനുവദിക്കുക.
• അപേക്ഷിക്കുന്നതിന് ആനുകൂല്യങ്ങൾ എന്ന സെക്ഷൻ സെലക്ട് ചെയ്ത് ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. മുകളിൽ നൽകിയതുപോലെ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.

5. റിട്ടയർമെന്റ് പെൻഷൻ

• മിനിമം 600 രൂപ പെൻഷൻ ലഭിക്കും
• അംഗത്തിന് 3 വർഷത്തെ സർവീസ് ഉണ്ടായിരിക്കേണ്ടതാണ്
• പെൻഷൻ തീയതിക്കുശേഷം 90 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം
• ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി, ഭാര്യ-ഭർത്താവ് എന്നിവർ ചേർന്നുള്ള ഫോട്ടോ എന്നിവ അപേക്ഷിക്കാൻ ആവശ്യമാണ്.

6. അവശതാ പെൻഷൻ

• മിനിമം പെൻഷൻ തുക ലഭിക്കുന്നതാണ്
• അപേക്ഷിക്കുന്നതിന് സർക്കാരിൽ നിന്ന് സമാനരീതിയിലുള്ള പെൻഷൻ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഉണ്ടായിരിക്കേണ്ടതാണ്
• ആറുമാസത്തിനുള്ളിൽ എടുത്ത ഫോട്ടോ, ക്ഷേമനിധി തിരിച്ചറിയൽ കാർഡ്,ബാങ്ക് പാസ്ബുക്ക് കോപ്പി, ശാരീരിക അവശത തെളിയിക്കുന്നതിന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്.

7. കുടുംബ പെൻഷൻ

• മിനിമം പെൻഷൻ തുക ലഭിക്കുന്നതാണ്
• അപേക്ഷിക്കുന്നതിന് ക്ഷേമനിധി പെൻഷൻ ബുക്ക്,6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ, പെൻഷൻ ലഭിക്കുന്ന ആളുടെ മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മരിച്ച പെൻഷണറുടെ കുടുംബത്തെ സംബന്ധിച്ച് വില്ലേജ് ഓഫീസറിൽ നിന്നും ലഭിച്ച അവകാശ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്നതിന് നിർബന്ധമാണ്.

8. ശവസംസ്കാര ചെലവ്/ മരണാനന്തര കർമ്മത്തിനുള്ള ചെലവ്

• 1000 രൂപയാണ് സഹായമായി ലഭിക്കുക.
• സംഘത്തിന്റെ മരണസർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി തിരിച്ചറിയൽ കാർഡ്, പാസ്ബുക്ക്  സഹിതം നോമിനി/ അവകാശി എന്നിവരിൽ ആരെങ്കിലും അപേക്ഷ ജില്ലാ ഓഫീസർക്ക് നൽകണം.
• അപേക്ഷിക്കുന്നതിന് ആനുകൂല്യങ്ങൾ എന്ന ഭാഗം സന്ദർശിക്കുക

9. മരണാനന്തര ധനസഹായം

• 10,000 രൂപയും അതോടൊപ്പം നിങ്ങൾ അടച്ച തുകയും ആണ് ധനസഹായമായി ലഭിക്കുക
• അപേക്ഷിക്കുന്നതിന് മരണ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മരിച്ച അംഗത്തിന്റെ ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, അപേക്ഷിക്കുന്ന അവകാശിയുടെ തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ അപ്‌ലോഡ് ചെയ്ത് കൊണ്ട് അപേക്ഷിക്കുക.

10. സ്കോളർഷിപ്പ്

• ഉയർന്ന മാർക്ക് നേടുന്ന രണ്ടു വിദ്യാർത്ഥികൾക്ക് വീതം ഓരോ കോഴ്സിനും 600 രൂപ മുതൽ 5000 രൂപ വരെ
• ബിരുദ ബിരുദാനന്തര ഡിപ്ലോമ- ഐടിസി കോഴ്സുകളിൽ പഠിക്കുന്ന ഓരോ ജില്ലയിലെയും യോഗ്യതാ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നവർക്ക് ആണ് സ്കോളർഷിപ്പ് ലഭിക്കുക.
• ക്ലാസ് തുടങ്ങി മൂന്ന് മാസത്തിനകം അപേക്ഷകൾ സമർപ്പിക്കണം
• അംഗത്തിന് ഒരു വർഷത്തെ സർവീസ് ഉണ്ടായിരിക്കേണ്ടതാണ്
• യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷിക്കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

11. ക്യാഷ് അവാർഡ്

• എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു കോഴ്സുകളിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് 1000 രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കുന്നതാണ്.
• റിസൾട്ട് വന്ന് 3 മാസത്തിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം
• നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ, തിരിച്ചറിയൽ കാർഡ്, പാസ്ബുക്ക്, മാർക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കുക.
• അംഗത്തിന് ഒരു വർഷത്തെ സർവീസ് ഉണ്ടായിരിക്കണം

Post a Comment

വളരെ പുതിയ വളരെ പഴയ