എസ്എസ്എൽസിക്ക് ശേഷം A+ കോഴ്സുകൾ തിരഞ്ഞെടുക്കാൻ പഠിക്കാം

 

എസ്എസ്എൽസി കഴിഞ്ഞു. എന്ത് തിരഞ്ഞെടുക്കണം? എവിടെ പഠിക്കണം? കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖല ഏതാണ്? ഇങ്ങനെയുള്ള നൂറു കൂട്ടം ചിന്തയിൽ ആയിരിക്കും വിദ്യാർഥികളും രക്ഷിതാക്കളും. ഈ ലേഖനം പൂർണ്ണമായി വായിക്കുന്നതോടെ നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഒരു മികച്ച കോഴ്സ് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയും.


 വിദ്യാർഥികളുടെ ജീവിതത്തിലെ വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കുന്ന പരീക്ഷയാണ് പത്താംക്ലാസ് അഥവാ എസ്എസ്എൽസി പരീക്ഷ. പത്താം ക്ലാസ് കഴിഞ്ഞാൽ എല്ലാവരും പഠനത്തിന്റെ സാധ്യതകൾ തേടിയുള്ള പ്രയാണത്തിലായിരിക്കും. പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കന്മാരും ഒരു വിഷയത്തിലും എ പ്ലസ് നേടാതെ വിജയിച്ചവരും ഉണ്ടാകും. എല്ലാത്തിലുമുപരി വിജയമാണ് പ്രധാനം. കൂടുതൽ എപ്ലസ് നേടിയവർക്ക് പ്ലസ് വണ്ണിന് അല്ലെങ്കിൽ ഉപരി പഠനത്തിൽ കൂടുതൽ സാധ്യതകൾ ഉണ്ട് എന്ന് മാത്രം.


 പത്താം ക്ലാസിനു ശേഷം വെറും പ്ലസ് വൺ, പ്ലസ് ടു മാത്രമല്ല ഉള്ളത്. ഇന്റർ മീഡിയേറ്റ്, പോളിടെക്നിക്, ഐടിഐ, പാരാമെഡിക്കൽ... എന്നിവ അവയിൽ ചിലതുമാത്രം. പഠനം, ജോലി, കോഴ്സിനോടുള്ള ഇഷ്ടം,  ജീവിത നിലവാരം എന്നിവ അടിസ്ഥാനമാക്കിയാണ് ഉപരിപഠനത്തിന് പോകുമ്പോൾ കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടത്. എല്ലാത്തിലും ഉപരി വിദ്യാർത്ഥികളുടെ തീരുമാനം വളരെ സൂക്ഷ്മതയോടെ ആവണം.


ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികളുടെ അഭിരുചിയും താൽപര്യവും ആണ് പ്രധാനം. ഏത് മേഖലയിലാണ് നമ്മുടെ മക്കൾക്ക് അഭിരുചിയും താൽപര്യവും ഉള്ളത് എന്ന് സ്വയം മനസ്സിലാക്കണം. വെറുതെ ഏതെങ്കിലും ഗ്രൂപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ അല്ല കാര്യം. ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ആരാകണം? എന്താകണം? ഇന്ന് കണ്ടെത്തിഅതിന് അനുസരിച്ചുള്ള കോഴ്സുകൾ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.


നിങ്ങളുടെ അഭിരുചി അളക്കാം 15 ചോദ്യങ്ങളിലൂടെ

 ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ആകാതെ ഉള്ളിലേക്ക് സ്വയം ഇറങ്ങി ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക. നിങ്ങളുടെ അഭിവൃദ്ധി തിരിച്ചറിഞ്ഞാൽ വേറിട്ട ഉപരിപഠന സാധ്യതകൾ കണ്ടെത്താം.


 1. എനിക്ക് ആരായിത്തീരാനാണ് ആഗ്രഹം?
 2. ഏതു വിഷയം പഠിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത്?
 3. (നിങ്ങൾ ഒരു ജോലി കിട്ടി എന്ന് കരുതുക) ആ ജോലിയിൽ തിളങ്ങാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്താണ് അതിനു കാരണം? 
 4. വീട്ടിൽ ഏത് ജോലി ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത്?
 5. ഒന്ന് പെട്ടെന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന വിഷയം ഏത്?
 6. ഏറ്റവും ആസ്വദിച്ച് ചെയ്ത പ്രൊജക്റ്റ് ഏത്?
 7. നിങ്ങൾ തിരഞ്ഞെടുക്കുന്ന ജോലി നിങ്ങൾക്ക് ഒരു ഭാരമായി തീരും എന്ന് കരുതുന്നുണ്ടോ?
 8. അപരിചിതരോട് ഇടപഴകാൻ ഉള്ളവരാണോ?
 9. വ്യത്യസ്തമായ സ്വഭാവവും ചിന്താഗതിയും ഉള്ള ആളുകളുമായി ഇടപെടാൻ ഇഷ്ടമാണോ?
 10. മറ്റുള്ള ആളുകളുമായി ഒപ്പം ഇരിക്കാൻ ഇഷ്ടമാണോ?
 11. ഓഫീസ് ജോലികൾ ചെയ്യാൻ ഇഷ്ടമാണോ?
 12. ഞാനിപ്പോൾ എങ്ങനെയുള്ള കുട്ടിയാണ്?
 13. പുതിയ അറിവുകൾ തേടി കണ്ടുപിടിച്ച് മനസ്സിലാക്കാൻ എനിക്ക് കഴിയുന്നുണ്ടോ?
 14. എന്റെ ജോലിയിൽ എനിക്ക് പ്രചോദനമാകുന്നത് എന്താണ്?
 15. എന്താണ് എനിക്ക് കഴിവുകൾ? അവ ഏത് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?


 നിങ്ങൾ പ്ലസ് വണ്ണിന് പോകുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയാണ് തിരഞ്ഞെടുക്കേണ്ടത്. ഡോക്ടർ, എൻജിനീയർ ജോലികൾ സ്വപ്നം കാണുന്നവർക്ക്  സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കാം.


 സിവിൽ സർവീസിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഗ്രൂപ്പാണ് ഹ്യൂമാനിറ്റീസ്. പത്താംക്ലാസിൽ എ പ്ലസ് കുറവുള്ള വിദ്യാർഥികൾക്ക് തിരഞ്ഞെടുത്ത് പഠിക്കാൻ ഏറ്റവും ഉതകുന്ന ഒരു ഗ്രൂപ്പ് കൂടെയാണ് ഹ്യൂമാനിറ്റീസ്. ഉപരി പഠന സാധ്യതകൾ നിരവധി ഉണ്ടെങ്കിലും തൊഴിൽ വിപണിയിൽ ഹ്യൂമാനിറ്റീസ്കാർ മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് കുറവാണ്. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലോ ഇംഗ്ലീഷ് അല്ലെങ്കിൽ അറബി ഭാഷാ വിഷയങ്ങളിലോ ഡിഗ്രിക്ക് ചേരാവുന്നതാണ്.


 ന്യൂജൻ തലമുറയിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ഒരു ഗ്രൂപ്പാണ് കൊമേഴ്സ്. ബാങ്കിംഗ്, ഇൻഷുറൻസ്, ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്,  ഫിനാൻസ് മേഖലകളിൽ കൊമേഴ്സ് കാർക്ക് നിരവധി അവസരങ്ങൾ ഉണ്ട്. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠന സാധ്യതകൾ കൊമേഴ്സ് കാർക്ക് പരിമിതമാണ്. പ്ലസ് ടു കഴിഞ്ഞാൽ  കൊമേഴ്സ് വിഷയങ്ങളിൽ മൂന്നുവർഷത്തെ ഡിഗ്രിക്ക് ചേരാം അല്ലെങ്കിൽ കമ്പ്യൂട്ടർ കോഴ്സുകൾ, ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടിംഗ്, കോസ്റ്റ് അക്കൗണ്ടിംഗ്, സെക്രട്ടേറിയൽ കോഴ്സുകൾ എന്നിവയും തിരഞ്ഞെടുക്കാം.


 മുകളിൽ സൂചിപ്പിച്ചിട്ടുള്ള 3 ഗ്രൂപ്പുകൾക്ക് പുറമേ ഐടിഐ, ഡിപ്ലോമ, ഷോർട്ട് ടൈം കോഴ്സുകൾ, പാരാമെഡിക്കൽ തുടങ്ങിയ നിരവധി സാധ്യതകൾ ലഭ്യമാണ്. അവയെക്കുറിച്ച് നമുക്ക് മറ്റൊരു ലേഖനത്തിൽ പരിചയപ്പെടാം.

Post a Comment

വളരെ പുതിയ വളരെ പഴയ