ഇൻഷുറൻസ് മേഖലയിൽ ജോലി നോക്കുന്നവർക്ക് ഈ ലേഖനം ഉപകാരപ്പെടും

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് എന്നും പ്രസക്തമായ ഒരു മേഖലയാണ് ഇൻഷുറൻസ് മേഖല. ഇന്ത്യയിൽ ജനസംഖ്യ വർദ്ധിക്കുന്തോറും ഇൻഷുറൻസ് മേഖലയുടെ പ്രാധാന്യവും വർദ്ധിക്കുന്നു. സേവനരംഗത്ത് വളരെ വേഗത്തിൽ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഇൻഷുറൻസ് വിപണി. ഇൻഷുറൻസ് മേഖലയിലെ കുറച്ച് സാധ്യതകളെ ഇന്ന് നമുക്ക് പരിചയപ്പെടാം.

1. ഇൻഷുറൻസ് ഏജന്റ്/ ബ്രോക്കർ

 ഇൻഷുറൻസ് മേഖലയിൽ തന്നെ എല്ലാ വ്യക്തികൾക്കും വളരെ പരിചിതമായ ഒരു തൊഴിൽ സാധ്യതയാണ് ഇൻഷുറൻസ് ഏജന്റ് അല്ലെങ്കിൽ ബ്രോക്കർ. കൃത്യമായ അറിവും വളരെ മികച്ച ആശയ വിനിമയ പാടവവും ഉള്ളവർക്ക് ഈ മേഖലയിൽ തിളങ്ങാം.

2. ആക്ച്വറി

 ആക്ച്വറിയുടെ പ്രധാന ജോലി എന്നു പറയുന്നത് സേവന രംഗത്ത് വില നിശ്ചയിക്കലാണ്. ഇൻഷുറൻസ് മേഖലയിൽ എത്തുമ്പോൾ നിരീക്ഷണപാടവം ഉപയോഗിച്ച് വിവിധ തരം ഇൻഷുറൻസ് പോളിസി യിലെ റിസ്ക്കുകൾ വിലയിരുത്തുകയും വ്യവസായം പ്രോത്സാഹിപ്പിക്കാനുള്ള നിർദേശങ്ങൾ പരമാവധി നൽകുകയും ധനവിനിയോഗം കൈകാര്യം ചെയ്യുകയും ആണ് പ്രധാന ഉത്തരവാദിത്തങ്ങൾ. വിദേശരാജ്യങ്ങളിലും അതുപോലെ ഇന്ത്യയിലും ആക്ച്വറികൾക്ക് വളരെയധികം ഡിമാൻഡ് കൂടിവരികയാണ്. ഇൻഷുറൻസ് കമ്പനികളിലും സർക്കാരിലും പെൻഷൻ പ്ലാനിങ് സ്ഥാപനങ്ങളിലും ആക്ച്വറികൾക്ക് തൊഴിൽ സാധ്യതകൾ നിരവധിയാണ്. ഇന്ത്യയുടെ വിവിധ സർവകലാശാലകളിൽ ആക്ച്വറി സയൻസിൽ കോഴ്സുകൾ നടത്തുന്നുണ്ട്. കേരളത്തിൽ എംജി സർവകലാശാലകളിൽ ഈ കോഴ്സ് ലഭ്യമാണ്.

3. സർവീസ് റപ്രസന്റേറ്റീവ്സ്

 ഇൻഷുറൻസ് കമ്പനികൾക്കും ഏജന്റ് മാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ആളാണ് സർവീസ് റപ്രസന്റേറ്റീവ്സ്. ഓരോ കമ്പനികളെ കുറിച്ചും കൃത്യമായ അറിവും ഏജന്റ് മാരുമായി ഇടപെടാനുള്ള കഴിവും ഇവർക്ക് അനിവാര്യമാണ്.

4. ക്ലെയിംസ് അഡ്ജസ്റ്റർ

 ഇൻഷുറൻസ് ക്ലെയിം തുകയുടെ കാര്യത്തിൽ പോളിസി ഉടമയുമായോ നോമിനിയുമായോ സംസാരിച്ച് കരാറിൽ എത്തുന്ന ജോലിയാണ് പ്രധാനമായും ഇവർക്കുള്ളത്. മികച്ച ആശയവിനിമയശേഷി ഇക്കൂട്ടർക്ക്  വളരെയധികം അനിവാര്യമാണ്. ഓഫീസിന് അകത്തും പുറത്തും ജോലി ചെയ്യേണ്ടി വരും.

5. ലോസ് കൺട്രോൾ സ്പെഷ്യലിസ്റ്റ്

 പേരിൽ പറഞ്ഞിരിക്കുന്നത് പോലെ നഷ്ടങ്ങൾ പരമാവധി കുറയ്ക്കാനും നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കുക എന്നതാണ് ലോസ് കണ്ട്രോൾ സ്പെഷ്യലിസ്റ്റിന്റെ പ്രധാന ഉത്തരവാദിത്തം. ഇൻഷുറൻസ് പോളിസി ഉടമകളായ ഫാക്ടറികളും വ്യവസായ കേന്ദ്രങ്ങളും സന്ദർശിച്ചു നേരിടുന്ന നഷ്ട, അപകട സാധ്യതകൾ കണ്ടെത്തി പരിഹരിക്കുക എന്നതാണ് ഇത്തരക്കാരുടെ പ്രധാന ജോലി. ടെക്നിക്കൽ പരമായും ബിസിനസ് പരമായും അഭിരുചി ഉള്ളവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ജോലിയാണ് ഇത്.

6. റിസ്ക് മാനേജർ

ലോസ് കണ്ട്രോൾ സ്പെഷ്യലിസ്റ്റ് ചെയ്യുന്നതിന് സമാനമായ ജോലിയാണ് റിസ്ക് മാനേജറുടെതും. എന്നാൽ റിസ്ക് മാനേജർമാരെ ഇൻഷുറൻസ് കമ്പനികളിൽ അല്ല പോളിസി ഉടമകളായ കമ്പനികളോ സ്ഥാപനങ്ങളോ ആണ് നിയമിക്കുന്നത്. അതുകൊണ്ടുതന്നെ ആ സ്ഥാപനം നേരിടുന്ന ഭീഷണികളും അപകടസാധ്യതകളും തിരിച്ചറിയേണ്ടതും അവ പരിഹരിക്കേണ്ടതും റിസ്ക് മാനേജർമാരുടെ ചുമതലയാണ്.

7. അണ്ടർ റൈറ്റർ

 ഇൻഷുറൻസ് പോളിസി ആവശ്യപ്പെടുന്ന ഉപയോക്താവിന് ഇൻഷുറൻസ് കവറേജിന് അർഹത ഉണ്ടോ എന്ന് തീരുമാനിക്കുന്ന ജോലിയാണ് ഇത്. ഉപഭോക്താവിനെ റിസ്ക് സാധ്യതയും ഇൻഷുറൻസ് കമ്പനിയുടെ മാനദണ്ഡങ്ങളും വിലയിരുത്തി പോളിസിക്കുള്ള അർഹത തീരുമാനിക്കണം.

8. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് ഓഫീസർ

 ഇൻഷുറൻസ് കമ്പനിയുടെ ഭരണപരവും ദൈനംദിന വുമായ കാര്യങ്ങൾ നോക്കി നടത്തുകയാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെയും അതുപോലെ അസിസ്റ്റന്റ് ഓഫീസർമാരുടെയും ചുമതല.

9. ബാങ്ക് അഷ്വറൻസ് സെയിൽസ് എക്സിക്യൂട്ടീവ് 

 ലൈസൻസ് നേടിയിട്ടുള്ള ബാങ്കുകൾ മുഖാന്തരം ഇൻഷുറൻസ് സേവനങ്ങൾ വിതരണം ചെയ്യുന്നതിനെയാണ് ബാങ്ക് ഇൻഷുറൻസ് എന്ന് പറയുന്നത്. ഇൻഷുറൻസ് കമ്പനികളും അതുപോലെ ബാങ്കുകളും തമ്മിലുള്ള ധാരണ പ്രകാരമാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.

10. വെബ് അഗ്രഗേറ്റേഴ്സ്

 വിവിധങ്ങളായ കമ്പനികളുടെ ഇൻഷുറൻസ് പോളിസികളെ കുറിച്ച് വിവരങ്ങൾ ശേഖരിച്ച് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയാണ് ഇത്തരക്കാരുടെ ജോലി. ഇൻഷുറൻസ് കമ്പനികളുടെ ലൈസൻസ് ലഭിച്ചവർക്ക് മാത്രമേ ഇത്തരക്കാരായി പ്രവർത്തിക്കാൻ കഴിയൂ.

11. ഇൻഷുറൻസ് റെപ്പോസിറ്ററി

 ഇൻഷുറൻസ് പോളിസി വിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നവരാണ് ഇത്തരക്കാർ.

12. ഇൻഷുറൻസ് കൺസൾട്ടന്റ്

 അടിസ്ഥാന സൗകര്യം, പരസ്യം, ഇൻഫോർമേഷൻ ടെക്നോളജി, നിക്ഷേപങ്ങൾ, റിസ്ക് മാനേജ്മെന്റ്, റെയിൻ ഇൻഷുറൻസ്, കോൾ സെന്ററുകൾ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം ഉള്ളവർക്ക് ഇൻഷുറൻസുമായി ബന്ധപ്പെട്ട ഇതേ മേഖലകളിൽ കൺസൾട്ടന്റ് ജോലി ചെയ്യാം.

13. ലോസ് അസസേഴ്സ്/ സർവേയർ

 ഇൻഷുറൻസ് ക്ലെയിം എത്രയാകണമെന്ന് നിശ്ചയിക്കുന്ന ജോലിയാണ് ഇത്. ചുവടെ നൽകിയിട്ടുള്ള വിവിധ മേഖലകളിൽ പെട്ടവർക്ക് ഈ ജോലിയിലേക്ക് കടന്നു വരാവുന്നതാണ്. ചാർട്ടേഡ് അക്കൗണ്ടൻസി, അഗ്രികൾച്ചർ, എൻജിനീയറിങ് എന്നീ മേഖലകളിൽ പെട്ടവർക്ക് സർവ്വേയർ ഫീൽഡിലേക്ക് വരാവുന്നതാണ്.

14. നിയമ ഉപദേശകൻ

 ഇൻഷുറൻസ് കമ്പനികളും ഉപയോക്താവും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. ഇത് പരിഹരിക്കുന്നതിനുവേണ്ടി അഭിഭാഷകരുടെ സേവനം ഇൻഷുറൻസ് മേഖലയിൽ അനിവാര്യമാണ്.

15. ഇൻവെസ്റ്റിഗേറ്റേഴ്സ്

 ഇൻഷുറൻസ് ക്ലെയിം ആവശ്യപ്പെടുന്നതിന്റെ സത്യസന്ധത അന്വേഷിച്ച് കമ്പനിയെ ബോധ്യപ്പെടുത്തുകയാണ് ഇൻവെസ്റ്റിഗേറ്റേഴ്സിന്റെ പ്രധാനജോലി.

16. ചാർട്ടേഡ് അക്കൗണ്ടന്റ്സ്, ഫിനാൻസ് വിദഗ്ധർ

 സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മേഖല ആയതിനാൽ ചാർട്ടേഡ് അക്കൗണ്ടന്റ് മാർക്കും ഫിനാൻസ് വിദഗ്ധർക്കും ഒട്ടേറെ അവസരങ്ങൾ ഇൻഷുറൻസ് മേഖലയിൽ ഉണ്ട്.

17. ഹ്യൂമൺ റിസോഴ്സ് വിദഗ്ധർ

മറ്റെല്ലാ മേഖലകളിലും ഉള്ളതുപോലെ മാനവവിഭവശേഷി വിദഗ്ധർക്കും ഇൻഷുറൻസ് രംഗത്ത് അവസരങ്ങൾ നിരവധിയാണ്. ഏതൊരു മേഖലയുടെയും നട്ടെല്ല് പൗരത്ത മനുഷ്യവിഭവശേഷി യാണ്. ഇത് തിരഞ്ഞെടുക്കുന്നതിന് ഹ്യൂമൺ റിസോഴ്സ് വിദഗ്ധരുടെ സേവനം അനിവാര്യമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ